കമ്പം‌മെട്ടിലേയ്ക്ക് സ്വാഗതം

കമ്പം‌മെട്ട് - cumbummettu

ഭൂപ്രകൃതി.

ഇടുക്കി (Idukki) ജില്ലയുടെ കിഴക്കേ അതിർത്തിയിൽ തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം (Coordinates: 9°44'44"N 77°13'13"E). സഹ്യപർവ്വതത്തിന്റെ മാറിലെ പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. സമുദ്ര നിരപ്പില്‍ ഏകദേശം 1050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.മലനിരകളും പുഴകളും അരുവികളും നിറഞ്ഞ ഭൂപ്രകൃതി. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്(Ramakkalmedu) ഇവിടെ വളരെ അടുത്ത് സ്തിഥി ചെയ്യുന്നു. ഇവിടെ നിന്നുള്ള തമിഴ് നാടിന്റെ ദൃശ്യം നയന മനോഹരമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി(Thekkady), മൂന്നാർ(Munnar) എന്നിവിടങ്ങളിലേയ്ക്കും കമ്പം‌മെട്ടിൽ (Cumbummettu) നിന്ന് അധികം ദൂരം ഇല്ല.

സമ്പദ് വ്യവസ്ഥ

സമ്പദ് വ്യവസ്ഥ പ്രധാനമായും കുരുമുളക്, ഏലം, കാപ്പി, തേയില മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു.മരച്ചീനി, തെങ്ങ്, കമുക്, വാഴ, നെല്ല് എന്നിവയും കൃഷിചെയ്യുന്നു. കൃഷി കഴിഞ്ഞാല്‍ കന്നുകാലി വളര്‍ത്തലാണ് തദ്ദേശീയരുടെ ഉപജീവനമാർഗ്ഗം.

പേരിനു പിന്നിൽ

"മേട്" എന്ന പദത്തിൽ നിന്നാണ് "മെട്ട്" എന്ന പേര് വന്നത്. തൊട്ടടുത്ത (14 കി.മീ.) തമിഴ്നാട് പട്ടണമായ “കമ്പം”(Cumbam) - ത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് കമ്പം‌മെട്ട് (Cumbammettu) എന്ന പേര് ഈ ഗ്രാമത്തിന് വന്നത്. മെട്ട് എന്നാൽ കുന്നിന്റെ നെറുക എന്നർത്ഥം.

ചരിത്രം

വർഷങ്ങൾക്ക് മുൻപ് വനമേഖലയായി കിടന്ന ഇവിടെ വ്യപകമായ കുടിയേറ്റം നടക്കുന്നത് 1950 കളിൽ ആണ്. ഈ കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആള്‍ക്കാര്‍, പ്രധാനമായും കോട്ടയം എറണാകുളം ജില്ലകളിലെ സമതലപ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ കുടിയേറി താമസം ആരംഭിച്ചു. പ്രതികൂലമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവര്‍ പുതിയ ഒരു കാര്‍ഷിക സംസ്കൃതി രചിച്ചു. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങള്‍ക്ക് ഒരപവാദമാണ് കമ്പം‌മെട്ട്.